
എറണാകുളം ഡിസിസി ഓഫീസിലെത്തിയ റവന്യു മന്ത്രി എ പി അനില്‍കുമാറിനെ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് സ്വീകരിക്കുന്നു. ടി ജെ വിനോദ് എംഎല്‍എ സമീപം.
കൊച്ചി: സംസ്ഥാനത്തെ ഭൂസംബന്ധമായ നിയമങ്ങള്‍ കാലാനുസൃതമായി പരിഷ്‌കരിക്കുന്നതിന് വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് റവന്യൂ മന്ത്രി എ.പി. അനില്‍കുമാര്‍ പറഞ്ഞു. എറണാകുളം ഡിസിസി ഓഫീസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ ഭൂപ്രശ്‌നങ്ങള്‍ക്ക് ദശാബ്ദങ്ങളുടെ പഴക്കമുണ്ടെന്നും, ഭൂപരിഷ്‌കരണം കേരളത്തില്‍ വലിയ സാമൂഹിക മുന്നേറ്റത്തിന് വഴിയൊരുക്കിയെങ്കിലും കാലക്രമേണ പല നിയമങ്ങളും അപ്രസക്തമായ സാഹചര്യമാണുള്ളതെന്നും മന്ത്രി പറഞ്ഞു.
ഏതെല്ലാം നിയമങ്ങളില്‍ മാറ്റം വേണം, പട്ടയം ലഭിക്കുന്നതിന് നിലവിലുള്ള തടസ്സങ്ങള്‍ എന്തൊക്കെയാണ്, ഭൂമിയുടെ ലഭ്യത വര്‍ധിപ്പിക്കാന്‍ എന്ത് നടപടികള്‍ സ്വീകരിക്കാം തുടങ്ങിയ വിഷയങ്ങള്‍ വിദഗ്ധ സമിതി പഠിച്ച് ശുപാര്‍ശകള്‍ സമര്‍പ്പിക്കും.
ആദിവാസി മേഖലകള്‍ക്ക് ഭൂപരിഷ്‌കരണ നിയമത്തിന്റെ ഗുണം വേണ്ടത്ര ലഭിച്ചിട്ടില്ലെന്നും, സമൂഹത്തിലെ പിന്നാക്കവിഭാഗങ്ങള്‍ക്ക് ഭൂമി ലഭ്യമാക്കുന്നതുള്‍പ്പെടെ വലിയ മാറ്റങ്ങള്‍ക്ക് പുതിയ പരിഷ്‌കരണങ്ങളിലൂടെ വഴിയൊരുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ഡിസിസിയില്‍ നടന്ന സ്വീകരണ യോഗത്തില്‍ എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. ടി ജെ വിനോദ് എംഎല്‍എ, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ഡൊമിനിക് പ്രസന്റേഷന്‍, അജയ് തറയില്‍, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. ബി എ അബ്ദുള്‍ മുത്തലിബ്, ഐ കെ രാജു, അഡ്വ. ദീപ്തി മേരി വര്‍ഗീസ്, എം ആര്‍ അഭിലാഷ്, മുന്‍ എംപി ചാള്‍സ് ഡയസ്, ജോസഫ് ആന്റണി, പോളച്ചന്‍ മണിയങ്കോട്, ഇഖ്ബാല്‍ വലിയവീട്ടില്‍, പി ഡി മാര്‍ട്ടിന്‍, അജിത് അമീര്‍ ബാവ, ജോഷി പള്ളന്‍, വില്‍സണ്‍ കെ ജോണ്‍, കെ വി ആന്റണി, കെ വി ആന്റണി, വി കെ ശശികുമാര്‍, കെ കെ സോമന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു
Photo Courtesy - Google











